റെക്കോഡ് ഉയരങ്ങള്‍ കീഴടക്കി ഓഹരി സൂചികയിൽ വൻ മുന്നേറ്റം ; ആദ്യമായി സെന്‍സെക്സ് 57,000 കടന്നു

മുംബൈ :
റെക്കോഡ് ഉയരങ്ങള്‍ കീഴടക്കി ഓഹരി സൂചികയിൽ വൻ മുന്നേറ്റം. ഇതാദ്യമായി സെന്‍സെക്സ് 57,000 കടന്നു.127 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 57,017ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് ഉയര്‍ന്ന് 16,970 എത്തി. കഴിഞ്ഞ ഏഴു വ്യാപാര ദിനത്തിൽ ആറിലും മികച്ചനേട്ടത്തിലാണ് സൂചികകള്‍ ക്ലോസ്ചെയ്തത്. അടുത്തൊന്നും നിരക്കുകള്‍ ഉയര്‍ത്തേണ്ടെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് ആഗോളതലത്തില്‍ വിപണികളെ ചലിപ്പിച്ചത്.

എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലായത്. എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, എസ്ബിഐ, എച്ച്‌ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി സൂചിക ഒരു ശതമാനത്തോളം ഉയര്‍ന്നു. എഫ്‌എംസിജി, ഫാര്‍മ ഓഹരികളിലും നേട്ടം പ്രകടമാണ്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഇന്ന് നേട്ടത്തിന്റെ പാതയിലാണ്.