മെസി ഇന്ന് പിഎസ്ജിക്ക് വേണ്ടി ബൂട്ടണിഞ്ഞേക്കും ; ബാഴ്സലോണ വിട്ട ശേഷമുള്ള ആദ്യ ക്ലബ് മത്സരം

പാരീസ് :
അർജന്റീനയുടെ മിശിഹാ പിഎസ്ജിയിൽ ആരാധകരുടെ സ്വപ്ന ബൂട്ടണിയും. ഞായറാഴ്ച പി.എസ്.ജിക്ക് വേണ്ടി മെസ്സി അരങ്ങേറും. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.15ന് റെയിംസിനെതിരെയാണ് പിഎസ്ജിയുടെ മത്സരം.

മെസിയും നെയ്മറും എംബാപ്പെയും റെയിംസിനെതിരായ മത്സരത്തിന്റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. രണ്ടാഴ്ചയായി മെസ്സി പി.എസ്.ജി ക്യാംപില്‍ എത്തിയിട്ട്. മെസ്സിയുടെ അരങ്ങേറ്റത്തിനായി ആരാധകര്‍ ഓരോ കളിയും കാത്തിരിക്കുകയായിരുന്നു. തന്റെ കരിയര്‍ മുഴുവന്‍ ബാഴ്സലോണ ക്ലബിന് വേണ്ടിയാണ് മെസ്സി കളിച്ചത്. താരം ഇന്ന് കളിക്കുകയാണെങ്കില്‍ ബാഴ്സലോണ അല്ലാത്ത ഒരു ക്ലബിനു വേണ്ടി മെസി ബൂട്ടണിയുന്ന ആദ്യ മത്സരമാവും ഇത്.

പിഎസ്ജിയുമായി രണ്ട് വര്‍ഷത്തേക്കാണ് മെസിയുടെ കരാര്‍. പ്രതിവര്‍ഷം 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. ജേഴ്സി നമ്പര്‍ 30 ആകും മെസ്സി പിഎസ്ജിക്കായി പന്ത് തട്ടുക.