മണിപ്പൂരിൽ വെടിവെയ്പ്പ് ; നാല് മരണം

ന്യൂഡല്‍ഹി:
നിരോധിത സംഘടനയായ കുക്കി നാഷണല്‍ ലിബറേഷന്‍ ആര്‍മി (കെ.എന്‍.എല്‍.എ) മണിപ്പൂരിലെ ഖാങ്പോക്പി ജില്ലയില്‍ ആള്‍ക്കൂട്ടത്തിന് നേരെ നടത്തിയ വെടിവയ്പില്‍ എട്ടു വയസുള്ള കുട്ടി അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു.രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചില ആളുകളെ കാണാതായെന്നും മരണ സംഖ്യ ഉയരാനിടയുണ്ടെന്നും മണിപ്പൂര്‍ പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11.30ന് ബി ഗനോം ഗ്രാമത്തില്‍ ഒരു പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെയാണ് അക്രമികള്‍ നിറയൊഴിച്ചത്. മരിച്ചവരില്‍ ഗ്രാമമുഖ്യന്‍ എന്‍.പി. ഖോലേനും ഉള്‍പ്പെടുന്നു. ഞായറാഴ്ച ഹിംഗോജാംഗില്‍ അസാം റൈഫിള്‍സിന്റെ നേതൃത്വത്തില്‍ സംയുക്ത സേന നടത്തിയ ഓപ്പറേഷനില്‍ കെ.എന്‍.എല്‍.എയുടെ നാലംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരം ചെയ്‌തതാണെന്ന് സൂചനയുണ്ട്.