മാണി സി.കാപ്പന്റെ തട്ടകത്തിൽ കോൺഗ്രസ് വിട്ട് കൂട്ടത്തോടെ നേതാക്കൻമാർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്; മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള ഇന്ന് കേരള കോൺഗ്രസിൽ ചേരും; സ്വീകരണം നൽകുന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ

കോട്ടയം: മാണി സി.കാപ്പന്റെ തട്ടകത്തിൽ കോൺഗ്രസ് വിട്ട് കൂട്ടത്തോടെ നേതാക്കൻമാർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്. മാണി സി.കാപ്പന്റെ ഏകാധിപത്യപ്രവണതയിലും, കോൺഗ്രസ് പാർട്ടിയെ തകർക്കുന്ന സമീപനത്തിലും പ്രതിഷേധിച്ചാണ് ഇവർ കൂട്ടത്തോടെ കോൺഗ്രസ് വിട്ട് ഇടതു മുന്നണിയിലെത്തുന്നത്. മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള കോൺഗ്രസിലെ ഒരു വൻ നേതൃനിരയാണ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിന്റെ കൊടിക്കീഴിൽ അണിനിരക്കുന്നത്. ജോസ് കെ.മാണി, മന്ത്രി റോഷി അഗസ്റ്റിൻ , തോമസ് ചാഴികാടൻ എം.പി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾക്കു സ്വീകരണം നൽകുന്നത്.

വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തുന്ന നേതാക്കളെ പാർട്ടി ചെയർമാൻ ജോസ് കെ.മാണി സ്വീകരിക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിനു സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേരുന്ന യോഗത്തിലാണ് സ്വീകരണം നൽകുന്നത്.
പാലായിൽ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത് മുതൽ മാണി സി.കാപ്പൻ ഏകാധിപത്യ പ്രവണത പുലർത്തുകയാണ് എന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്താത്ത ഇദ്ദേഹം, മണ്ഡലം നോക്കാറേ ഇല്ലെന്നും വാദം ഉയരുന്നുണ്ട്. ഇതിനിടെയാണ് കോൺഗ്രസിനെ ഇല്ലാതാക്കി സ്വന്തം പാർട്ടിയെ ഉയർത്തിക്കൊണ്ടു വരാൻ മാണി സി.കാപ്പൻ ശ്രമം നടത്തുന്നത്.

കോൺഗ്രസ് പാർട്ടിയുടെ സഹായത്തോടെ വിജയിച്ചു കയറിയ ശേഷം മണ്ഡലത്തിൽ പാർട്ടിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് മാണി സി.കാപ്പൻ ചെയ്യുന്നതെന്നാണ് ഇവരുടെ ആരോപണം. എൻ.സി.പിയെ പിളർത്തിയതിനു സമാനമായി, കോൺഗ്രസിനെയും ഹൈജാക്ക് ചെയ്യാനാണ് കാപ്പൻ പാലായിൽ ശ്രമിക്കുന്നതെന്നും പ്രവർത്തകർ ആരോപിക്കുന്നു. കാപ്പന്റെ കയ്യിൽ നിന്നും പണം വാങ്ങി പാലായിലെ കോൺഗ്രസ് നേതൃത്വം തന്നെ പാർട്ടിയെ ഒറ്റിക്കൊടുക്കുകയാണ് എന്നും പാർട്ടി വിട്ട നേതാക്കൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ മണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് നേതാക്കൾ വിശദീകരിക്കുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേയ്ക്കും കോൺഗ്രസ് തന്നെ ഇല്ലാതാകുന്ന രീതിയിലാണ് പാലായിൽ പാർട്ടിയുടെ പോക്ക്. പാർട്ടി നാശത്തിലേയ്ക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ നാശത്തിന് ആക്കം കൂട്ടുന്ന പ്രവർത്തനമാണ് മാണി സി.കാപ്പന്റെയും പാലായിലെ ഒരു വിഭാഗം നേതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നത് ഈ സാഹചര്യത്തിലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള നേതാക്കന്മാർ പറയുന്നു.