പെഗാസസ് വിവാദത്തിൽ കേന്ദ്രം നിഷ്‌ക്രിയം; ചോര്‍ത്തല്‍ വിവരം പുറത്ത് വന്നിട്ടും നടപടിയില്ല; കേന്ദ്രത്തെ പൂട്ടാൻ അന്വേഷണം പ്രഖ്യാപിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത:
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കല്‍ക്കട്ട ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എം.ബി ലോകുര്‍ എന്നിവരടങ്ങുന്ന കമ്മിഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
ഇസ്രയേലി ചാര സോഫ്റ്റ്‌വയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറത്ത് വന്നിട്ട് ദിവസങ്ങളായിട്ടും കേന്ദ്രം നിഷ്‌ക്രിയമാണെന്നും അതുകൊണ്ടാണ് സ്വന്തം നിലയില്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗാളില്‍ നിന്നുള്ള നിരവധിപേരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തപെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം എന്ന മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയതോടെ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസിനെ ഭയക്കുകയാണെന്നും മമത പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു ചോര്‍ത്തല്‍ സാധ്യമല്ലെന്നും അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മമത ചൂണ്ടിക്കാട്ടി.
ഫോണ്‍ ചോര്‍ത്തല്‍ ഭയന്ന് തനിക്ക് മറ്റ് നേതാക്കളോട് സംസാരിക്കാന്‍ പോലും ഭയമുണ്ട്. മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നില്ലെന്നും എന്നാല്‍ മോദിയും ഷായും അവരുടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തുള്ള നേതാക്കളെ നിരന്തരം ആക്രമിക്കുകയാണെന്നും മമത ആരോപിച്ചു.
മമതയുടെ അനന്തരവനും തൃണമൂല്‍ എം.പിയുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണും പെഗാസസ് ആക്രമണത്തിന് ഇരയാക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.