മണ്ണിടിച്ചിൽ; ഹിമാചലില്‍ ചെനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു; ജനങ്ങളെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചു

ഷിംല:
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഹിമാചലില്‍ ചെനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു. ഇതോടെ സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടു. ലാഹുല്‍ സ്പിറ്റിയിലെ നാല്‍ഡ ഗ്രാമത്തിന് സമീപമുള്ള പര്‍വത താഴ്‌വാരത്തിൽ വെള്ളിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്.

മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് ചെനാബ് നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ജീവഹാനിയോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മുന്‍കരുതല്‍ നടപടിയെന്ന നിലവില്‍ സമീപവാസികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയേയും പ്രദേശത്ത് വ്യന്യസിച്ചിട്ടുണ്ട്.