അഞ്ച് വർഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ ; ലൈഫ് പദ്ധതിയിലൂടെ ഭൂരഹിതഭവനരഹിത സംസ്ഥാനമായി കേരളത്തെ മാറ്റും ; മുഖ്യമന്ത്രി

തിരുവനന്തപുരം: 
അഞ്ച് വര്‍ഷത്തിനകം ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ 12,067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂരഹിതഭവനരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതിനു പുറമെ 17 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2,62,131 വീടുകളാണ് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. ഇതിനായി 8993 കോടി രൂപ ചെലവഴിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പെടെ സമന്വയിപ്പിച്ചാണ് ഇത് നടപ്പാക്കിയത്.5 ലക്ഷം വീടുകൾ എന്ന ലക്ഷ്യത്തിലേക്ക് എത്തുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.