ഓണ്‍ലൈൻ മദ്യ വിൽപ്പന ഇന്ന് മുതൽ

തിരുവനന്തപുരം:
ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി മദ്യം വില്‍ക്കും. വില്‍പനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി. തിരഞ്ഞെടുത്ത ചില്ലറ വില്‍പനശാലകളില്‍ മാത്രമാകും വിൽപ്പന.ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി തുക അടച്ച്‌ ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യമാണ് നടപ്പിലാക്കുന്നത്. തുടക്കത്തില്‍ ഈ സൗകര്യം കോര്‍പ്പറേഷന്റെ തിരുവനന്തപുരം എഫ്.എല്‍.1/11008 വെഎംസി പാവമണി എന്നീ ചില്ലറ വില്‍പനശാലകളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തും.https:booking.ksbc.co.in എന്ന ലിങ്ക് ഉപയോഗിച്ച് ആണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടത്. ഓണ്‍ലൈനായി പണം അടച്ച്‌ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കി അതില്‍ ലഭ്യമാകുന്ന ഒ.റ്റി.പി ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അതിനുശേഷം ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാന്‍ പേരും ഇമെയില്‍ ഐഡിയും ജനനത്തീയതിയും പാസ് വേഡും നല്‍കണം. ഇത് നല്‍കിയ ശേഷം ആപ്‌ളിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് വേണ്ട ജില്ലയും ചില്ലറ വില്‍പനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും.
ഉപഭോക്താക്കള്‍ക്ക് വേണ്ട മദ്യം തിരഞ്ഞെടുത്ത് കാര്‍ട്ടില്‍ ചേര്‍ത്തതിനുശേഷം ആയതിലേക്കുള്ള തുക പ്ലെയിസ് ഓര്‍ഡര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പണം അടയ്ക്കാന്‍ ഇതില്‍ ചേര്‍ത്തിട്ടുള്ള പെയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് പോകണം. ഇതില്‍ വരുന്ന നിര്‍ദ്ദേശാനുസരണം പെയ്‌മെന്റ് നടത്താം. ഇതിനുശേഷം റഫറന്‍സ് നമ്പര്‍, ചില്ലറ വില്‍പനശാലയുടെ വിവരങ്ങൾ മദ്യം കൈപ്പറ്റേണ്ട സമയം എന്നിവ അടങ്ങിയ ഒരു എസ്.എം.എസ് സന്ദേശം രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്പറിൽ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് സന്ദേശത്തിലുള്ള റഫറന്‍സ് നമ്പര്‍ നല്‍കി ബുക്ക് ചെയ്ത് മദ്യം വാങ്ങാം.