കോട്ടയം മൂലവട്ടത്ത് ട്രെയിനിൽ നിന്ന് വീണ് പത്ത് വയസുകാരൻ മരിച്ചു

കോട്ടയം :
ട്രെയിനിൽ നിന്ന് വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം.മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത് . തിങ്കളാഴ്ച രാത്രി 11.30 ഓടെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം . തിരുവനന്തപുരത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കുടുംബം. മൂലേടം മാടമ്പുകാട് ഭാഗത്ത് വച്ച് ട്രെയിനിൻ്റെ ബാത്ത് റൂമിൽ പോയ കുട്ടി കാൽ വഴുതി ട്രെയിനിൽ നിന്നും വീഴുകയായിരുന്നു

കുട്ടി വീഴുന്നത് കണ്ട് ബന്ധുക്കൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ കലുങ്കിനടിയിൽ നിന്നും മൃതദേഹം കണ്ടെത്തി. തുടർന്ന് പ്രദേശവാസിയുടെ വാഹനത്തിൽ മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചു .തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.