കോന്നി ഗവ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കും; പ്രവർത്തന പുരോഗതി വിലയിരുത്തി

കോന്നി:
ഗവ.മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി പ്രവർത്തനം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കാൻ കഴിയത്തക്ക നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പ്രവർത്തന പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും, എല്ലാ വകുപ്പ് മേധാവികളും പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ഉന്നതതല യോഗവും ചേർന്നു.

കാഷ്വാലിറ്റി, ഐ.സി.യു, മൈനർ ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവയുടെ പ്രവർത്തനങ്ങളാണ് ആരംഭിക്കാൻ പോകുന്നത്. കോവിഡ് വാർഡിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിൽ കിടത്തി ചികിത്സയും പുനരാരംഭിക്കും. കാഷ്വാലിറ്റി വിഭാഗത്തിൽ ട്രയാജ്, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാലു വിഭാഗങ്ങൾ ഉണ്ടാകും.

ട്രയാജിലേക്കാകും രോഗിയെ ആദ്യം എത്തിക്കുക. ട്രയാജിൻ്റെ ചുമതല വഹിക്കുന്ന ഡോക്ടർമാർ രോഗിയുടെ അവസ്ഥ വിലയിരുത്തി എവിടേയ്ക്ക് മാറ്റണമെന്നു തീരുമാനിക്കും. ഗുരുതരാവസ്ഥയിലുള്ളവരെ റെഡിലേക്കം,പ്ളാസ്റ്റർ കണ്ടേതു പോലെ ക്ഷതമേറ്റിട്ടുള്ളവരുൾപ്പടെയുള്ള രോഗികളെ യെല്ലോയിലേക്കും, തീവ്രത കുറഞ്ഞ രോഗമുള്ളവരെ ഗ്രീനിലേക്കു മാണ് മാറ്റുക.

എല്ലാ വിഭാഗവും പ്രവർത്തിക്കുന്നതിനാവശ്യമായ ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവരിൽ ഭൂരിപക്ഷവും നിയമിതരായിട്ടുണ്ട്. ഇനിയും ആവശ്യമുള്ള 15 ജൂനിയർ റസിഡൻറുമാരെ ഉടൻ നിയമിക്കും. ഓപ്പറേഷൻ തീയറ്ററിലേക്കാവശ്യമായ അനസ്തേഷ്യാ വർക്ക് സ്റ്റേഷൻ, ഓപ്പറേഷൻ ടേബിൾ, ഷാഡോ ലെസ്സ് ലൈറ്റ്, ഡയാടെർമി, ഡീസിബ്രിലേറ്റർ തുടങ്ങി എല്ലാ ഉപകരണങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. ഇവയെല്ലാം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കകയാണ്.

ഐ.സി.യുവിനായി 4 വെൻ്റിലേറ്റർ, 12 ഐ.സി.യു. ബെഡ്, 50 ഓക്സിജൻ കോൺസൺട്രേറ്റർ, 3 കാർഡിയാക്ക് മോണിറ്റർ, ബെഡ് സൈഡ് ലോക്കർ ,ബെഡ് ഓവർ ടേബിൾ തുടങ്ങിയവയും എത്തിയിട്ടുണ്ട്. ഇനിയും ആവശ്യമുള്ള ഫർണിച്ചറുകൾ ഒരാഴ്ചയ്ക്കുള്ളിൽ എത്തിക്കാനും യോഗത്തിൽ തീരുമാനമായി.

ഐ.പി.യ്ക്കായി ഓക്സിജൻ സൗകര്യമുള്ള 120 കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്നും ലഭ്യമാക്കായിട്ടുള്ള അൾട്രാസൗണ്ട് സ്കാനിംഗ്‌ മെഷീൻ സ്ഥാപിക്കുന്ന പ്രവർത്തനം പൂർത്തീകരിച്ച് ലൈസൻസും ലഭിച്ചു കഴിഞ്ഞതായി സൂപ്രണ്ട് യോഗത്തെ അറിയിച്ചു.സി.ടി., എം.ആർ.ഐ സ്കാനിംഗ്‌ മെഷീനുകൾ,6 മേജർ ഓപ്പറേഷൻ തീയറ്ററുകൾ തുടങ്ങിയവ ഉടൻ സ്ഥാപിക്കാനാവശ്യമായ നടപടികൾ നടന്നുവരുന്നതായും സൂപ്രണ്ട് പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ നിരന്തര ഇടപെടീലാണ് മെഡിക്കൽ കോളേജ് വികസനം വേഗത്തിൽ യാഥാർത്യമാക്കാൻ സഹായകമാകുന്നതെന്ന് എം.എൽ.എ പറഞ്ഞു.മന്ത്രിയുടെ ഇടപെടലിലൂടെ ആരോഗ്യരംഗത്തെ മികച്ച സേവനമാണ് ജില്ലയിലെ ജനങ്ങൾക്ക് ലഭ്യമാകാൻ പോകുന്നതെന്നും എം.എൽ.എ പറഞ്ഞു.

യോഗത്തിൽ എം.എൽ.എയോടൊപ്പം മെഡിക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ: തോമസ് മാത്യു, പ്രിൻസിപ്പാൾ ഡോ: മിന്നി മേരി മാമൻ, സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, വിവിധ ഡിപ്പാർട്ട്മെൻ്റ് ഹെഡുമാർ തുടങ്ങിയവർ പങ്കെടുത്തു.