സ്‌‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും; ലിംഗനീതി, സ്‌ത്രീധനം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തും: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം :
സ്‌കൂള്‍ പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്‌‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 2013നാണ് പാഠ്യപദ്ധതി അവസാനമായി പരിഷ്‌കരിച്ചത്. അതിനുശേഷം അറിവിന്റെ മേഖലയിലും സാങ്കേതിക- സാമൂഹ്യ രംഗത്ത് വന്നമാറ്റങ്ങളെ ചേര്‍ത്തുകൊണ്ടാകും പാഠ്യപദ്ധതി പരിഷ്‌കരിക്കുക. ലിംഗനീതി, ലിംഗസമത്വം, ലിംഗ അവബോധം, സ്‌ത്രീധനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

നിലവിലുള്ള പാഠപുസ്തകങ്ങളില്‍ ജെന്‍ഡര്‍ ഓഡിറ്റിംഗ് നടത്തുവാനും, പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനും പരിഷ്‌കരണത്തിലൂടെ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുക എന്നതും മുന്‍ഗണയുള്ള കാര്യമാണ്. ചെറിയ പ്രായത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള നടപടികളും അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.