കോവിഡ്‌ 19 : സംസ്ഥാനത്ത് രോഗികൾ കൂടുന്നെങ്കിലും ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ കുറവ്

തിരുവനന്തപുരം :
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2.37 ലക്ഷമാണ്. ഇതില്‍ ഒരു ശതമാനം മാത്രമാണ് ഐ.സി.യുവിലുള്ളത്. വെന്‍റിലേറ്ററിലുള്ളവര്‍ 0.5 ശതമാനവും.

ഒരാളില്‍നിന്ന് എത്രപേരിലേക്ക് രോഗം പകരുന്നെന്ന് കണക്കാക്കുന്ന ‘ആര്‍ ‘ഘടകം കേരളത്തില്‍ 1.5ല്‍ നിന്ന് 1.2 ലേക്ക് താഴ്ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ പ്രതിവാര കേസുകള്‍ 50 ശതമാനം വീതം വര്‍ധിച്ചത് 20 ശതമാനം എന്ന നിലയിലേക്ക് താഴുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കേസുകളുടെ എണ്ണം അടുത്തയാഴ്ചയോടെ ക്രമമായി കുറയും. ആര്‍ ഘടകം 1.0 ല്‍ താഴെയാകുന്നതാണ് സുരക്ഷിതം. ജൂലൈയില്‍ 1.1 ആയിരുന്നതാണ് ആഗസ്റ്റില്‍ 1.5 ആയി ഉയര്‍ന്നത്. ആര്‍ ഘടകം 1.0നെക്കാള്‍ കൂടുതലാണെങ്കില്‍ അതിനര്‍ഥം കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ്.