ജനകീയ സേനയെന്ന നിലയില്‍ പൊലീസിന്റേത് മാതൃകാപരമായ ഇടപെടൽ ; മുഖ്യമന്ത്രി

തിരുവനന്തപുരം:
പൊലീസിന്റേത് തൃപ്തികരമായ പ്രവര്‍ത്തനമാണെന്നും ഒറ്റപ്പെട്ട ഏതെങ്കിലും പിഴവുകളുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്രമസമാധാന നില ഏറ്റവും ഭദ്രമായത് കേരളത്തിലാണ്. വര്‍ഗ്ഗീയ പ്രചാരണവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നപ്പോഴും കേരളം വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തമായി നിന്നു.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനും നാട്ടില്‍ സമാധാനം ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം പൊലീസ് ഫലപ്രദമായി നിര്‍വഹിക്കുന്നുണ്ട്. ജനങ്ങളുടെ എല്ലാ ദുരിതത്തിലും സഹായിയായും പൊലീസ് പ്രവര്‍ത്തിക്കുന്നു.ജനകീയ സേനയെന്ന നിലയില്‍ നല്ല ഇടപെടലാണ് പൊലീസിന്റേത്. പ്രളയകാലത്തും കൊവിഡ് പ്രതിരോധത്തിലും പൊലീസ് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് നടത്തിയത്. 11 പൊലീസുകാരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഏഴുപേര്‍ ഇപ്പോഴും ഐ.സി.യുവിലാണ്.

സ്ത്രീസുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കുന്നുണ്ട്. വനിതാ സ്റ്റേഷന്‍, വനിതാ സെല്‍, വനിതാ ബറ്റാലിയന്‍, അപരാജിത, പിങ്ക് പൊലീസ്, നിഴല്‍, വനിതാ സ്വയം പ്രതിരോധ സംഘം, വനിതാ ബീറ്റ് എന്നിങ്ങനെ നിരവധി സ്ത്രീസുരക്ഷാ പദ്ധതികള്‍ പൊലീസിനുണ്ട്. സേനയില്‍ വനിതാ പ്രാതിനിദ്ധ്യം വര്‍ദ്ധിപ്പിച്ച്‌ 15 ശതമാനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.