വളരെ വേഗം പ്രതിരോധം ഒരുക്കിയാൽ നിപ വ്യാപനം തടയാനാകും ; മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ

കണ്ണൂര്‍:
വളരെ പെട്ടന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാൽ നിപ വ്യാപനം തടയാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ.നിപ വീണ്ടും വരാനുള്ള സാധ്യത വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ അത് വീട്ടുകാര്‍ പറയാനും ആശുപത്രിയിലെത്തിക്കാനും നടപടികള്‍ സ്വീകരിക്കണം.സര്‍ക്കാര്‍ കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ടീച്ചറുടെ നിര്‍ദ്ദേശം.അതേസമയം നിപ വൈറസ് ബാധിച്ച്‌ മരിച്ച 12 കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുമായി സമ്പർക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്ര ചെയ്ത വാഹനങ്ങളടക്കം ഉള്‍പ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും.27ാം തിയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് വന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് എന്തുകൊണ്ട് രോഗം കണ്ടെത്താനായില്ല എന്നത് സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്  പറഞ്ഞു.