‘കേരളത്തിന്റെ പരിസ്ഥിതിക്കും സാഹചര്യങ്ങൾക്കും ഇണങ്ങുന്ന വ്യവസായങ്ങളാണ് ആവശ്യം, ഈസ് ഓഫ് ഡൂയിസ് ബിസിനസ് റാങ്കിങ്ങിൽ ആദ്യ പത്തിലെത്തുകയാണ് ലക്ഷ്യം’; മന്ത്രി പി രാജീവ്

തിരുവനന്തപുരം:

ഈസ് ഓഫ് ഡൂയിസ് ബിസിനസ് റാങ്കിങ്ങിൽ ആദ്യ പത്തിലെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മുന്നോട്ടുെവച്ച നിർദേശങ്ങളിൽ 85 ശതമാനവും കേരളം നടപ്പാക്കി. ബാക്കിയുള്ള 15 ശതമാനം വ്യവസ്ഥകൾ കേരളത്തിന് ബാധകമല്ലാത്തവയാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തതും തൊഴിലാളി സൗഹൃദവുമായ വ്യവസായങ്ങളാണ് കേരളത്തിനു ആവശ്യം. ഇത്തരത്തിലുള്ള വ്യവസായങ്ങളെ കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള നിയമങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും പി രാജീവ് പറഞ്ഞു.
നിലവിലുള്ള വ്യവസായ നയത്തിൽ പുതുക്കലുകളുണ്ടാക്കും. എസ്റ്റേറ്റുകളുൾപ്പെടെ വ്യവസായ ആവശ്യങ്ങൾക്ക് അനുവദിക്കുന്ന സർക്കാർ ഭൂമിയുടെ കൈമാറ്റം സംബന്ധിച്ചുള്ള പോരായ്മകൾ പരിഹരിക്കുന്ന പുതിയ ലാൻഡ് ലീസ് പോളിസിയുടെ കരട് ആയതായും പി രാജീവ് അറിയിച്ചു. വ്യവസായങ്ങളിലെ പരിശോധനകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രീകൃത പരിശോധനാ സംവിധാനവും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായികളിൽനിന്ന് പരാതികൾ കേട്ട് പരിഹാരമുണ്ടാക്കാനുള്ള അദാലത്തും ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയും എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്നും കൊച്ചിയിലും കോട്ടയത്തും നടന്ന പരിപാടികളിൽ വ്യവസായികളിൽനിന്ന് മികച്ച പങ്കാളിത്തമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.