കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട ; ഒരു കോടി രൂപയുടെ 90 ഗ്രാം എം.ഡി.എം.എയും ഒരു കാറും മൂന്ന് വിദേശ നായ്ക്കളെയും പിടിച്ചെടുത്തു ; സ്ത്രീകൾ ഉൾപ്പടെ 7 പേരാണ് പിടിയിലായത്

കൊച്ചി:
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട.ഒരു കോടി രൂപ വില വരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് പിടികൂടി .സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്‍റ് സക്വാഡും കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 90 ഗ്രാം എം.ഡി.എം.എയും ഒരു കാറും മൂന്ന് വിദേശ നായ്ക്കളെയും പിടികൂടിയത്.

സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ്‌ ഫാബാസ്, ഷംന, കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ്‌ ഫൈസല്‍, എറണാകുളം സ്വദേശി മുഹമ്മദ്‌ അഫ്സല്‍, തൈബ എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍ നിന്ന് ആഡംബര കാറില്‍  ഉദ്യോഗസ്ഥരെ കബളിപ്പിച്ച്‌ മയക്കുമരുന്ന് കടത്തി കേരളത്തില്‍ വിതരണം ചെയ്യുന്ന വന്‍ സംഘത്തെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് .എറണാകുളത്ത് വിവിധ സ്ഥലങ്ങളില്‍ ഫ്ലാറ്റുകള്‍ വാടകക്ക് എടുത്താണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ശങ്കറിന്‍റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി. അനികുമാര്‍, ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണ കുമാര്‍, കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷനണറേറ്റ് കൊച്ചി സൂപ്രണ്ട് വിവേക് വി, കസ്റ്റംസ് പ്രിവന്‍റീവ് ഇന്‍സ്‌പെക്ടര്‍മാരായ റെമീസ് റഹിം, ഷിനുമോന്‍ അഗസ്റ്റിന്‍, ലിജിന്‍ കമാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബസന്ത് കുമാര്‍, അരുണ്‍കുമാര്‍, അനൂപ്, ഡ്രൈവര്‍ ശ്രാവണ്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.