‘തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നു’, ജാവേദ് അക്തറിനെതിരെ പരാതിയുമായി കങ്കണ; മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും, കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും നടി

മുംബൈ:
തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ കോടതിയിൽ പരാതി നൽകി നടി കങ്കണ റണാവത്ത്. കൂടാതെ അന്ധേരിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായും, കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും കങ്കണയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരാകാനെത്തിയ വേളയിലാണ് പുതിയ കേസുമായി നടി രം​ഗത്ത് എത്തിയിരിക്കുന്നത്.

ജാവേദ് അക്തർ കങ്കണയെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും കങ്കണ ആത്മഹത്യ ചെയ്യുമെന്ന് ജാവേദ് അക്തർ പറഞ്ഞതായും കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദിഖ് കോടതിയെ ധരിപ്പിച്ചു. മൗനം പാലിക്കാമെന്ന് ആദ്യം കരുതിയെങ്കിലും ഇപ്പോൾ പരാതി നൽകുകയാണെന്നും അഭിഭാഷകൻ അറിയിച്ചു.

സുശാന്തിന്റെ മരണവിഷയത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതാണെന്ന് അവകാശപ്പെടുന്ന ജാവേദ് അക്തർ തന്റെ കക്ഷിയെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നും റിസ്വാൻ സിദ്ദിഖ് കോടതിയിൽ ആരാഞ്ഞു.

ടെലിവിഷൻ ചാനലുകൾക്കനുവദിച്ച അഭിമുഖത്തിൽ സുശാന്ത് രാജ്പുത്തിന്റെ മരണവുമായ ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി പരാമർശിച്ചുവെന്നും അത് ന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ജാവേദ് അക്തർ ഈ വർഷമാദ്യം അന്ധേരിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ കങ്കണ ഹർജി നൽകിയെങ്കിലും കോടതി അത് തള്ളിയിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ജാവേദ് അക്തറിന്റെ പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ ഹർജി.

കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന കങ്കണക്കെതിരെ നേരത്തെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതിനെ തുടർന്ന് കോടതിയിൽ ഹാജരായ കങ്കണയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. പിന്നീടുള്ള വിചാരണവേളകളിലും വിവിധ കാരണങ്ങൾ ഉന്നയിച്ച് കോടതിയിൽ ഹാജരാകാതെ വിട്ടു നിന്ന കങ്കണയ്ക്ക് സെപ്റ്റംബർ പതിനഞ്ചിന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

സെപ്റ്റംബർ 20 ന് കോടതിയിൽ ഹാജരാകാത്ത പക്ഷം കങ്കണയ്‌ക്കെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. തുടർന്നാണ് കങ്കണ തിങ്കളാഴ്ച കോടതിയിൽ ഹാജരായത്.