കാബൂളിലെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ബേസായ ഈഗിള്‍ ബേസ് തകർത്ത് അമേരിക്കന്‍ സൈന്യം

കാബൂൾ :
കാബൂളിലെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ബേസായ ഈഗിള്‍ ബേസ് അമേരിക്കന്‍ സൈന്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു.കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് ഈഗിള്‍ ബേസ്. ഓഗസ്റ്റ് 31-ന് അമേരിക്ക സമ്പൂര്‍ണ സൈനിക പിന്മാറ്റം നടത്തുന്നതിന് മുന്നോടിയായിട്ടാണ് ആക്രമണം നടന്നത്.

തന്ത്രപ്രധാനമായ രേഖകള്‍, ഉപകരണങ്ങള്‍ എന്നിവ താലിബാന്റെ കൈവശം എത്താതിരിക്കാനാണ് ഈഗിള്‍ ബേസ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തതെന്ന് വാഷിങ്ടണ്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ സിഐഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഫ്ഗാന്‍ തീവ്രവാദ വിരുദ്ധ സേനയ്ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും പരിശീലനം നല്‍കി വന്നത് ഈഗിള്‍ ബേസിലാണ്. വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം നടന്നതിന് തൊട്ട് പിന്നാലെയാണ് സി.ഐ.എ ഔട്ട്‌പോസ്റ്റ് അമേരിക്കന്‍ സൈന്യം നശിപ്പിച്ചത്.