കാബൂളിൽ വീണ്ടും വെടിവെയ്പ്പ്; ആയുധധാരികളായ അജ്ഞാതർ വെടി ഉതിർത്തു; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കാബൂൾ:
താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്ത് തുടരുന്ന അനിശ്ചിതത്വവും, സായുധ കലാപവും തുടരുന്നു. രാജ്യത്ത് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു.
കാബൂൾ വിമാനത്താവളത്തിൽ വീണ്ടും വെടിവയ്പ്പ് സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥനാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. അജ്ഞാത സംഘമാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. ഒരാഴ്ച മുൻപാണ് കാബൂൾ വിമാനത്താവളത്തിൽ രാജ്യം വിടാൻ ആളുകൾ കൂട്ടമായെത്തിയതോടെ അമേരിക്കൻ സൈന്യം വെടിയുതിർത്തത്. തിക്കിലും തിരക്കിലും വെടിവയ്പ്പിലും പെട്ട പത്തോളം പേർ മരിച്ചിരുന്നു.
അതേസമയം ഇന്ന് നടന്ന വെടിവയ്പ്പിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ജർമൻ മിലിട്ടറിയാണ് വാർത്ത് പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെയാണ് രാജ്യത്തിന് പുറത്തുകടക്കാൻ ജനം ശ്രമിച്ചത്. അഫ്ഗാൻ തലസ്ഥാനമായ കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവുമടക്കം താലിബാൻ പിടിച്ചടക്കിയിരുന്നു. അഫ്ഗാൻ പതാക മാറ്റി താലിബാൻ പതാക ഉയർത്തുകയും ചെയ്തു.
എന്നാൽ അഫ്ഗാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് വിമാനത്താവളത്തിൽ വീണ്ടും ആക്രമണമുണ്ടായത്.ഇന്ന് രാവിലെയോടെ കാബൂളിൽ നിന്ന് 145 പേരെ കൂടി ദില്ലിയിൽ എത്തിച്ചു. തജികിസ്ഥാൻ വഴിയും കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ നേരിട്ടും കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കാബൂളിൽനിന്ന് ഒഴിപ്പിച്ച 222 പേർ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലായി ഇന്നു പുലർച്ചെ ദില്ലിയിലെത്തിയിരുന്നു. 87 ഇന്ത്യക്കാരും രണ്ടു നേപ്പാൾ സ്വദേശികളും തജികിസ്ഥാനിൽ നിന്നും 135 പേർ ദോഹയിൽനിന്നുമാണ് ഇന്ത്യയിൽ എത്തിയത്.