കാബൂള്‍ വിമാനത്താവളത്തിൽ ദിനം പ്രതി 4 -5 പേര്‍ മരണപ്പെടുന്നു ; അഫ്ഗാന്‍ എം.പി ഡോ.അനാര്‍ക്കലി കൗര്‍ ഹൊനാര്‍യാർ

ന്യൂഡല്‍ഹി:
കാബൂള്‍ വിമാനത്താവളത്തിൽ ദിനം പ്രതി 4 -5 പേര്‍ മരിക്കുന്നുവെന്ന് ഇന്ത്യയിലെത്തിയ അഫ്ഗാന്‍ എം.പി ഡോ.അനാര്‍ക്കലി കൗര്‍ ഹൊനാര്‍യാർ പറഞ്ഞു.22ന് ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയതാണിവര്‍.

ജീവനോടെ ഇന്ത്യയിലെത്താന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച അനാര്‍ക്കലി അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രതികരിച്ചു. താലിബാനെ ഭയന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാന്‍ എത്തുന്നവരാണ് ദിനം പ്രതി മരണപ്പെടുന്നത്.

യാത്രാ രേഖകളില്ലാത്തതിനാല്‍ രാജ്യം വിടണമെന്ന് ആഗ്രഹിക്കുന്ന ഭൂരിഭാഗം അഫ്ഗാനികള്‍ക്കും വിമാനയാത്ര സാദ്ധ്യമല്ല. താലിബാന്റെ കണ്ണ് വെട്ടിച്ച്‌ അതിഭയങ്കരമായ ചൂടില്‍ മണിക്കൂറുകളോളം യാത്രചെയ്താണ് വിമാനത്താവളത്തിലെത്തുന്നത്.
തിരക്ക് നിയന്ത്രിക്കാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ് സാധാരണമാണ്.  അഫ്ഗാനിലെ  ന്യൂനപക്ഷ സമുദായങ്ങളുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാണെന്നും അനാര്‍ക്കലി പറഞ്ഞു.