ഇന്ത്യൻ നാവികസേനയ്ക്ക് ഇനി മൂർച്ച കൂടും; നാവിക സേനയ്ക്ക് കരുത്ത് വർദ്ധിപ്പിക്കാൻ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും

ന്യൂഡൽഹി:
രാജ്യം മുഴുവൻ കാത്തിരുന്ന ആ പ്രഖ്യാപനം ഉടൻ. ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിച്ച് ഐഎൻഎസ് വിക്രാന്ത് ഉടൻ എത്തും. പരീക്ഷയോട്ടം പൂർണ വിജയമായതോടെയാണ് നാവിക സേനയുടെ പുതിയ സംഘം എത്തുന്നത്. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മാണം പൂർത്തിയാക്കിയ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്താണ് പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുന്നത്. യുദ്ധക്കപ്പലിന്റെ ഉൾക്കടലിലെ പരിശോധനകൾ വിജയകരമാണെന്നാണ് നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അറബിക്കടലിലാണ് പരീക്ഷണയോട്ടം നടത്തിയത്. നാവികസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്.
വേഗത കൂട്ടിയും കുറച്ചും പരീക്ഷണങ്ങൾ നടത്തിയതിനൊപ്പം പ്രൊപ്പൽഷൻ സംവിധാനം കടുത്ത പരിശോധനകൾക്ക് വിധേയമാക്കി. ഇതിനൊപ്പം നാവിഗേഷൻ, കമ്യൂണിക്കേഷൻ തുടങ്ങിയവയുടെ പരീക്ഷണങ്ങളും നടത്തി. പരിശോധനകൾക്ക് ഷിപ്പ് യാർഡ് അധികൃതർക്കൊപ്പം നാവികസേനയും മേൽനോട്ടം വഹിച്ചു. പരീക്ഷണ ഓട്ടം പൂർത്തിയാക്കിയശേഷം ഇന്നുവൈകിട്ട് കപ്പൽ തീരത്തേക്ക് തിരിച്ചെത്തും.
പരീക്ഷണങ്ങൾ വിജയകരമായ പൂർത്തിയാക്കിയ സ്ഥിതിക്ക് കപ്പൽ പൂർണമായും നാവിക സേന ഉടൻ ഏറ്റെടുത്തേക്കും. തുടർന്നാണ് ആയുധങ്ങളും മറ്റും ഘടിപ്പിക്കുക. തുടർന്നും പരീക്ഷണങ്ങൾ നടത്തും. കപ്പൽ അടുത്ത വർഷത്തോടെ കമ്മീഷൻ ചെയ്യാനാകും എന്നാണ് സേനാവൃത്തങ്ങൾ നൽകുന്ന സൂചന.