ദ ഗ്രേറ്റർ മാലി കണക്റ്റിവിറ്റി പ്രൊജക്ട്; മാലിദ്വീപിന് ഇന്ത്യ നൽകുക 100 കോടി രൂപ

ന്യൂഡൽഹി:
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന കരാറിൽ ഇരുരാജ്യങ്ങളും വ്യാഴാഴ്ച ഒപ്പുവെക്കും. ദ ഗ്രേറ്റർ മാലി കണക്റ്റിവിറ്റി പ്രൊജക്ട്(ജി.എം.സി.പി.) എന്നറിയപ്പെടുന്ന പദ്ധതിയാണിത്.

6.74 കിലോമീറ്റർ ദൈർഘ്യമുള്ള പാലവും അതിനെ ബന്ധിപ്പിക്കുന്ന പാതയും ചേരുന്ന പദ്ധതിയ്ക്ക് 100 കോടി രൂപയാണ് ഇന്ത്യൻ സഹായം. മാലദ്വീപിന്റെ തലസ്ഥാനമായ മാലിയെയും തൊട്ടടുത്ത ദ്വീപുകളായ വില്ലിൻഗ്ലി, ഗുൽഹിഫാൽഹു, തിലാഫുഷി എന്നിവയെയും തമ്മിൽ ബന്ധിക്കുന്നതാണ് ഈ പാലം.

മാലദ്വീപിന്റെ ഏകദേശം പകുതിയോളം ജനസംഖ്യ വരുന്ന നാല് ദ്വീപുകളെയും പരസ്പരം ബന്ധിപ്പിക്കും. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ ആൻഡ് എൻജിനീയറിങ് കമ്പനി അഫ്‌കോൺസാണ് മാലദ്വീപ് സർക്കാരുമായി കരാറിൽ ഒപ്പുവെക്കുന്നത്.

മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെയും വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദിന്റെയും പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.