രാജ്യത്ത് മദ്യ വില വർധിപ്പിക്കാനൊരുങ്ങി കമ്പനികൾ

കൊച്ചി:
പെട്രോളിയം ഉത്പന്നങ്ങളില്‍ കലര്‍ത്താന്‍ എത്തനോളിന്റെ ആവശ്യം ഗണ്യമായി കൂടുന്ന സാഹചര്യം മൂലം രാജ്യത്തെ മദ്യവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കമ്പനികൾ.എത്തനോളിന്റെ ഉപയോഗം പെട്രോളിയം മേഖലയില്‍ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് മദ്യ ഉത്പാദന കമ്പനികളെ മുള്‍മുനയിലാക്കുന്നത്.

നിലവില്‍ പെട്രോളിയം ഉത്പന്നങ്ങളില്‍ പത്ത് ശതമാനം എത്തനോളാണ് കലര്‍ത്തുന്നത്.

കരിമ്പിന്‍ ചണ്ടി , ധാന്യങ്ങള്‍ എന്നിവയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എക്സ്ട്രാ ന്യൂട്രല്‍ എത്തനോളാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്. രാജ്യത്ത് വിസ്ക്കി , വോഡ്കാ, ജിന്‍ തുടങ്ങിയ മദ്യങ്ങളുടെ ഉത്പാദനത്തിനും എക്സ്ട്രാ ന്യൂട്രല്‍ എത്തനോള്‍ തന്നെയാണ് വേണ്ടത്.

ഉപഭോഗം ഗണ്യമായി കൂടിയതോടെ എത്തനോളിന്റെ വില തുടര്‍ച്ചയായി മുകളിലേക്ക് നീങ്ങുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പെട്രോളിയം ഉത്പന്നങ്ങളില്‍ കലര്‍ത്താനായി 325 കോടി ലിറ്റര്‍ എത്തനോളാണ് ഉപയോഗിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി 400 കോടി ലിറ്റര്‍ എത്തനോള്‍ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം 2025 ഓടെ പെട്രോളിയം ഉത്പനങ്ങളില്‍ 20 ശതമാനം എത്തനോള്‍ കലര്‍ത്തണമെന്നാണ് എണ്ണ വിപണന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതോടെ എത്തനോളിന്റെ വമ്പന്‍ കയറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ മദ്യ വിലയും വരും വര്‍ഷങ്ങളില്‍ വലിയ തോതില്‍ ഉയര്‍ത്തേണ്ടി വരുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.