താലിബാൻ പ്രതിനിധിയുമായി ഇന്ത്യ ചർച്ച നടത്തി; ചർച്ച നടന്നത് താലിബാന്റെ ആവശ്യപ്രകാരം; ഇന്ത്യക്കാരുടെ മടങ്ങിവരവ്, സുരക്ഷ എന്നീ വിഷയങ്ങളിൽ ചർച്ച

ന്യൂഡൽഹി:
താലിബാൻ പ്രതിനിധിയുമായി ഇന്ത്യ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേർ മുഹമ്മദ് അബ്ബാസുമായാണ് ദോഹയിലെ ഇന്ത്യൻ എംബസിയിൽ വെച്ച് കൂടിക്കാഴ്ച നടന്നത്.

അഫ്ഗാനിൽനിന്നുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്, സുരക്ഷ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താലിബാന്റെ ആവശ്യപ്രകാരമാണ് ചർച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിത്.

ഇപ്പോഴും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യക്കാരുടെ മടങ്ങിവരവ് ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അഫ്ഗാനിലെ ന്യൂനപക്ഷമായ സിഖുകാർക്കും ഹിന്ദുക്കൾക്കും ഇന്ത്യയിലേക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ അതിന് അനുമതി നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.