കേന്ദ്രസര്‍ക്കാരിന്റെ ധനസമാഹരണ പദ്ധതി ; രാജ്യത്ത് നിന്ന് വിറ്റഴിക്കുന്ന ആസ്തികള്‍ ബിജെപിയുടെയോ നരേന്ദ്രമോദിയുടെയോ അല്ല അവ രാജ്യത്തിന്റേത് മാത്രം; മമതാ ബാനർജി

ഡല്‍ഹി: 
കേന്ദ്രസര്‍ക്കാരിന്റെ ധനസമാഹരണ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.രാജ്യത്ത് നിന്ന് വിറ്റഴിക്കുന്ന ആസ്തികള്‍ രാജ്യത്തിന്റേത് മാത്രമാണെന്നും ബിജെപിയുടെയോ നരേന്ദ്രമോദിയുടെയോ അല്ലെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം.
രാജ്യത്തിന്റെ ആസ്തികള്‍ വില്‍ക്കാനുള്ള ഗൂഡതന്ത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് അവരുടെ താത്പര്യത്തിന് അനുസൃതമായി രാജ്യത്തിന്റെ ആസ്തികള്‍ വില്‍ക്കാന്‍ അവകാശമില്ലെന്നും തീരുമാനം ദൗര്‍ഭാഗ്യകരവും ഞെട്ടിക്കുന്നതുമാണെന്നും മമത വ്യക്തമാക്കി.’ഈ സ്വത്തുക്കളെല്ലാം രാജ്യത്തിന്റേതാണ്. അത് വില്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. രാജ്യം ഒന്നടങ്കം ജനവിരുദ്ധമായ ഈ തീരുമാനത്തെ എതിര്‍ക്കും. മമതാ ബാനര്‍ജി പറഞ്ഞു. ധനസമാഹരണ പദ്ധതിയുടെ മറവില്‍ രാജ്യത്തിന്റേത് മാത്രമായ സ്വത്തുക്കള്‍ വിറ്റ് ആ പണം തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.