10 കോടിയിലധികം ആളുകൾക്ക് പൂർണ വാക്സിനേഷൻ നൽകിയ മൂന്നാമത്തെ രാജ്യം ഇന്ത്യ; രണ്ടാമത് ചൈന

ന്യൂ ഡൽഹി:
രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള 10,16,98,166 ആളുകൾ പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 10 കോടിയിലധികം വ്യക്തികൾക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

ചൈന ഇതുവരെ 1,61,92,18,000 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. 22,32,99,000 ആളുകൾ പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, 10 കോടിയിലധികം ആളുകൾക്ക് പൂർണ്ണ വാക്സിനേഷൻ നൽകിയ രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. ഇന്ത്യയെ അപേക്ഷിച്ച് അമേരിക്കയിൽ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം കുറവാണെങ്കിലും ഏകദേശം 16,41,84,080 പൗരന്മാർക്ക് പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ രാജ്യത്തിന് കഴിഞ്ഞു.

രണ്ട് ഡോസ് വാക്സിനുകൾക്കിടയിലുള്ള സമയ പരിധിയാണ് ഇതിനുള്ള കാരണം. കോവിഷീൽഡിന് 12-16 ആഴ്ച വരെ സമയ പരിധിയുണ്ട്. അതേസമയം, ചൈനയിലും യുഎസിലും ഉപയോഗിക്കുന്ന വാക്സിനുകൾക്ക് ഈ സമയപരിധി കുറവാണ്. ചൈനയിൽ ഉപയോഗിക്കുന്ന വാക്സിനുകളായ സിനോഫാർമിനും സിനോവാക്കിനും ആദ്യത്തേതും രണ്ടാമത്തേതുമായ ഡോസുകൾ തമ്മിലുള്ള പരമാവധി സമയ പരിധി നാല് ആഴ്ച വരെയാണ്. യു എസിൽ ഉപയോഗിക്കുന്ന ഫൈസർ/ബയോഎൻടെക്കിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള കാലയളവ് 21 ദിവസമാണ്. മോഡേണ വാക്സിന് 28 ദിവസമാണ്.