ഓവൽ കയ്പ്പിടിയിലൊതുക്കി ഇന്ത്യ ; ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം

ഓവൽ :
ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മിന്നും വിജയം. അവസാന ദിവസം 368ന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 210 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ 157 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്.30 ഓവറോളം മത്സരം ബാക്കിയിരിക്കെ ആണ് ഇന്ത്യ വിജയം.വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നില്‍ എത്തി. 1970ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഓവലില്‍ ഒരു ടെസ്റ്റ് പരാജയപ്പെടുന്നത്.

ഇന്ന് ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്ത് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം സെഷനില്‍ ആണ് തകര്‍ന്നത്. 2 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന നിലയില്‍ രണ്ടാം സെഷന്‍ ആരംഭിച്ച ഇംഗ്ലണ്ട് 193-8 എന്ന നിലയിലാണ് സെഷന്‍ അവസാനിപ്പിച്ചത്‌.63 റണ്‍സ് എടുത്ത ഹസീബ് ഹമീദിനെ ജഡേജ വിക്കറ്റിനു മുന്നില്‍ കുരിക്കിയതോടെ കളി മാറി. പിന്നാലെ 2 റണ്‍സ് എടുത്ത ഒലി പോപിന്റെയും റണ്‍സ് ഒന്നും എടുക്കാത്ത ബെയര്‍സ്റ്റോയുടെയും കുറ്റി തെറിപ്പിക്കാന്‍ ബുമ്രയുടെ യോര്‍ക്കറുകള്‍ക്കായി.

ജഡേജ മൊയീന്‍ അലിയയെയും ഡക്കിന് പുറത്താക്കി.എന്നാൽ ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി ക്യാപ്റ്റന്‍ റൂട്ട് മറുവശത്ത് ഉണ്ടായിരുന്നെങ്കിലും സ്കോര്‍ 182ല്‍ നില്‍ക്കെ താക്കൂര്‍ റൂട്ടിനെ പുറത്താക്കി‌. 36 രൺസുമായി റൂട്ട് വീണതോടെയാണ് ഇന്ത്യക്ക് വിജയ പ്രതീക്ഷ വന്നത്. രണ്ടാം സെഷന്റെ അവസാന പന്തില്‍ ഉമേഷ് യാഥവ് 18 റണ്‍സ് എടുത്ത വോക്സിനെ പുറത്താക്കി. പിന്നെ വിജയത്തിനായുള്ള കാത്തിരിപ്പായിരുന്നു‌

അവസാന സെഷനില്‍ ന്യൂ ബോള്‍ എടുത്തതിന് പിന്നാലെ ഉമേഷ് ഒവേര്‍ടണെ ബൗള്‍ഡ് ആക്കി. പിന്നാലെ ആന്‍ഡേഴ്സണെയും വീഴ്ത്തി ഉമേഷ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.