ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ വാക്സിനേഷന്റെ ആവശ്യമില്ല ; ആരോഗ്യ വിദഗ്ധര്‍

ഡൽഹി :
നിലവില്‍ ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ വാക്സിനേഷന്റെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നതിലാണ് പരിഗണന വേണ്ടതെന്നും രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ പറയുന്നു.രാജ്യത്ത് പതിനഞ്ച് ശതമാനത്തില്‍ താഴെ ആളുകൾക്ക് മാത്രമേ രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചിട്ടുള്ളൂ. ഇനിയും ഒരുപാട് പേര്‍ക്കു രോഗം പിടിപ്പെടാന്‍ സാധ്യതയുണ്ട്. ഇവര്‍ക്കൊന്നും ഇപ്പോഴും വാക്സിന്‍ കിട്ടിയിട്ടില്ലെന്നും ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ശാസ്ത്രജ്ഞന്‍ സത്യജിത് രഥ് പറഞ്ഞു. കുറച്ചുപേര്‍ക്കു മാത്രമായി മൂന്നാമത്തെ ഡോസ് വാക്സിന്‍ നല്‍കുന്നത് ധാര്‍മ്മികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയായവരില്‍ 40 ശതമാനം പേര്‍ക്ക് ആദ്യഡോസ് ലഭിച്ചിട്ടില്ലെന്നും ഈ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിനെക്കുറിച്ച്‌ ഇന്ത്യ ചിന്തിക്കേണ്ടതില്ലെന്നും പൂന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞ വിനീത ബാല്‍ പറഞ്ഞു.

കൂടാതെ ബൂസ്റ്റര്‍ ഡോസിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് രണ്ട് ഡോസുകള്‍ നല്‍കുന്നതിനാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ നേരത്തെ പറഞ്ഞിരുന്നു.