അസമിൽ പ്രളയം രൂക്ഷം ; രണ്ട് മരണം

അസം:
ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ അസമില്‍ പ്രളയം രൂക്ഷമാകുന്നു.കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചു.കാംരൂപ് ജില്ലയിലും മോറഗോണ്‍ ജില്ലയിലുമാണ് അപകട മരണങ്ങൾ ഉണ്ടായത്. ഒരാഴ്ചക്കിടയില്‍ പ്രളയത്തില്‍ 7 പേര്‍ മരിച്ചിട്ടുണ്ട്. അതേസമയം ഇതില്‍ രണ്ട് പേരുടെ മരണം പ്രളയക്കെടുതിയില്‍ പെട്ടല്ലെന്നും റപ്പോര്‍ട്ടുണ്ട്.

ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ഇതുവരെ 3,63,135 പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് 44 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 28 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സജ്ജീകരിച്ചു. ക്യാമ്പുകളില്‍ 1619 പേരെ പാര്‍പ്പിച്ചു.ലക്ഷ്മിപൂരാണ് കൂടുതല്‍ പ്രളയബാധയനുഭവിക്കുന്നത്. 1.3 ലക്ഷം ആളുകൾക്ക് ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവന്നു. സംസ്ഥാനത്ത് ഇപ്പോഴും 950 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 30,333.36 ഹെക്ടര്‍ കൃഷിഭൂമിയും സംസ്ഥാനത്ത് നശിച്ചു.