കേന്ദ്രത്തിന്റെ കൊവിഡ് നയങ്ങളെ വിമർശിച്ചു; ഡെയ്‌നിക് ഭാസ്‌കർ ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌.

ന്യൂ ഡൽഹി:
രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ ഡെയ്‌നിക് ഭാസ്‌കർ ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. വൻതോതിൽ നികുതി വെട്ടിപ്പ് നടത്തി എന്നാരോപിച്ചാണ് റെയ്ഡ്.

ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളിലെ ഡെയ്‌നിക് ഭാസ്‌കറിന്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പിന്റെ സംഘങ്ങള്‍ റെയ്ഡ് നടത്തിയത് .

“സത്യസന്ധവും നിർഭയവുമായ മാധ്യമപ്രവർത്തനത്തെ സർക്കാർ ഭയക്കുകയാണ്. രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടയതിന്റെ ഫലമാണ് ഈ റൈഡുകൾ” – ദൈനിക് ഭാസ്‌കർ

കേന്ദ്രത്തിന്റെ കോവിഡ് നയത്തിലെ വീഴ്ചകളെ ഡെയ്‌നിക് ഭാസ്‌കർ ചൂണ്ടിക്കാട്ടിയിരുന്നു. ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നു എന്നും ദൈനിക് ഭാസ്‌കർ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ജീവനക്കാരെ ചോദ്യം ചെയ്യുകയും, അവരുടെ ഫോണുകളും ലാപ്ടോപ്പും അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. ഇത്, ഡിജിറ്റൽ വാർത്തകളുടെ പ്രവർത്തനത്തെ ഭാഗീകമായി ബാധിച്ചിരുന്നു.

“സാധാരണയായി ഇത്തരം ഐ-ടി റെയ്ഡുകൾ സാമ്പത്തിക ഇടപാടുകൾ മാത്രമായിരിക്കും അന്വേഷിക്കുക. എന്നാൽ, ഇവിടെ എഡിറ്റോറിയൽ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പടെ അധികൃതർ പരിശോധന നടത്തി” – ദൈനിക് ഭാസ്‌കർ (രാജസ്ഥാൻ)

റെയ്ഡുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും തങ്ങളെ കാണിച്ചതിനുശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നതായി ദൈനിക് ഭാസ്‌കർ ആരോപിച്ചിരുന്നു. എന്നാൽ, ഈ പ്രസ്താനയെ തള്ളിക്കൊണ്ട് ഐടി വകുപ്പ് രംഗത്തു വന്നു.

“ഈ ആരോപണങ്ങൾ തീർത്തും തെറ്റാണ്, വകുപ്പിന്റെ പ്രോട്ടോക്കോൾ അനുസരിച്ച്, നികുതി വെട്ടിപ്പ് സംബന്ധിച്ച ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ മാത്രമാണ് അന്വേഷണ സംഘം പരിശോധിച്ചത്.” – ഐടി വകുപ്പ് ട്വിറ്ററിൽ കുറിച്ചു.