ഒരു ഹൈക്കിക്കിൽ സ്വർണ്ണം മറിഞ്ഞു: അവസാന നിമിഷം വരെ ലീഡെടുത്ത സൗദിയെ അട്ടിമറിച്ച് ഇറാന് സ്വർണം

ടോക്യോ:
അവസാന മിനിറ്റ് വരെ മുന്നിൽ നിന്ന സൗദി അറേബ്യൻ താരത്തെ പുറത്താക്കിക്കൊണ്ട് ഒരു പോയിന്റ് മാത്രം നേടിയ ഇറാൻ താരത്തിന് സ്വർണം നൽകി. ഇറാൻ താരമായ സാജാദ് ഗൻസാദെയാണ് സ്വർണമെഡലിന് അർഹനായത്. ഒരു ഹൈ കിക്ക് ചെയ്തതോടെയാണ് സൗദി താരത്തെ മത്സരത്തിൽ നിന്നും പുറത്താക്കിയത്. ശനിയാഴ്ച നടന്ന കരാട്ടെ വിഭാഗത്തിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. സൗദിയ്ക്ക് വേണ്ടി മത്സരിച്ച തരേഗ് ഹമേദിയെയാണ് റെഫറി പുറത്താക്കിയത്.
മത്സരം ആരംഭിച്ച് ഒരു മിനിറ്റിൽ മൂന്ന് പോയിന്റ നേടിയ സൗദി താരമായ തരേഗി അവസാന നിമിഷം വരെ ലീഡ് നിലനിർത്തിയിരുന്നു. മത്സരം അവസാനത്തിലേയ്ക്ക് എത്തിയതോടെ 4-1 പോയിൻറോടെ തരേഗി മുന്നിലെത്തി. എന്നാൽ തരേഗിയുടെ അവസാനത്തെ കിക്കിൽ ഇറാൻ താരം ബോധരഹിതനായി വീഴുകയായിരുന്നു. ഒരു പോയിന്റ് മാത്രം നേടിയ സാജാദിനെ ഹൈ കിക്കിലൂടെയാണ് എതിരാളി നിലംപറ്റിച്ചത്. തുടർന്ന് ഓക്സിജൻ സഹായം കൊടുത്ത ശേഷം സാജാദിനെ സ്ട്രക്ചറിലാക്കി പരിശോധനയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
4-1 പോയിന്റിൽ മുന്നിൽ നിൽക്കുന്ന സൗദി താരം മെഡൽ ഉറപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം സ്ഥിതിഗതികൾ മാറിയതോടെ താരത്തിന് നിരാശയാണ് ഉണ്ടായത്. സൗദി താരത്തെ പുറത്താക്കിക്കൊണ്ട് ഇറാൻ താരത്തെയാണ് ഉദ്യോഗസ്ഥർ സ്വർണ മെഡലിന് അർഹനാക്കിയത്. ഒളിമ്പിക്സ് കരാട്ടെയിലെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് അപ്രതീക്ഷിത ആക്രമണം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി താരത്തെ അയോഗ്യനാക്കിയത്.