അന്യമതക്കാരിയായ സഹപ്രവർ‌ത്തകയെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിട്ടു; ജീവനക്കാരനു മർദനം; രണ്ടു പേർ പിടിയിൽ

ബംഗളൂരു:
അന്യമതക്കാരിയായ സഹപ്രവർ‌ത്തകയെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിട്ടതിന്റെ പേരിൽ ബാങ്ക് ജീവനക്കാരനു മർദനം. മു‍സ്‍ലിം മതവിഭാഗത്തിൽനിന്നുള്ള വനിതയെ മറ്റൊരു മതത്തിൽപെട്ടയാൾ ബൈക്കിൽ കയറ്റിയതാണു അക്രമി സംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഇരുവരെയും തടഞ്ഞ സംഘം, ഒരുമിച്ചു യാത്ര ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയായിരുന്നു. മറ്റൊരു മതത്തിൽപെട്ടയാളുടെ കൂടെ എന്തിനാണു യാത്ര ചെയ്യുന്നതെന്ന് അക്രമികൾ വനിതയോടു ചോദിച്ചു. ഇവർ സംഭവം വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടെ സംഘം ഇരുവരെയും ഭീഷണിപ്പെടുത്തുന്നു.

നിങ്ങൾക്കു നാണമില്ലേയെന്ന് അക്രമികളിലൊരാൾ വനിതയോടു ചോദിക്കുന്നു. ഇവരുടെ ഭർത്താവിനെ ഫോണിൽ വിളിച്ച അക്രമികൾ അദ്ദേഹത്തെയും ചോദ്യം ചെയ്യുന്നുണ്ട്. പിന്നീട് വനിതയെ ബൈക്കിൽനിന്ന് ഇറക്കിയ ശേഷം ഓട്ടോയിൽ കയറ്റിവിടുകയും ചെയ്തു.

ഇനി ഇങ്ങനെ ഉണ്ടാകരുതെന്ന മുന്നറിയിപ്പോടെ ബാങ്ക് ജീവനക്കാരനെ മർദിച്ചു. വിഡിയോ വൈറലായതോടെ കേസെടുത്ത എസ്‍ജി പല്യ പൊലീസ് 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി.