നാലുകിലോ കഞ്ചാവുമായി കഞ്ചാവ് മാഫിയ സംഘത്തലവൻ ചങ്ങനാശേരിയിൽ പിടിയിൽ; പിടിയിലായത് നാലു കിലോ കഞ്ചാവുമായി

കോട്ടയം: ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിക്കുന്ന, കഞ്ചാവ് ഇടനാഴിയിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്നും കിലോകണക്കിന് കഞ്ചാവ് കേരളത്തിൽ എത്തിക്കുന്ന ഇയാളെപ്പറ്റി വിവരം ലഭിച്ചെങ്കിലും, ഇയാളെ പിടികൂടുന്നതിനു സാധിച്ചിരുന്നില്ല. തുടർന്നു മാസങ്ങളായി ഇയാളെ പിടികൂടുന്നതിനായി എക്‌സൈസ് സംഘം വലവിരിച്ചിരിക്കുകയായിരുന്നു.

ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തുന്ന സംഘത്തലവൻ എറണാകുളം ആലുവ വെസ്റ്റ് വില്ലേജിൽ അരീക്കൽ വീട്ടിൽ എബിൻ ജോയ് (33), ചങ്ങനാശ്ശേരി വാഴപ്പള്ളി പാറശ്ശേരി പി.എം ദിവാൻജി (34), ചങ്ങനാശ്ശേരി പുഴവാത്കരയിൽ പാറാട്ട് താഴ്ച്ചയിൽ വീട്ടിൽ അസീഫ് പി.എ എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

ചങ്ങനാശ്ശേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളോളമായി എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തി വരികയായിരുന്നു.

എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ രാജേഷിന്റെ നേതൃത്വത്തിൽ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് ടീമംഗങ്ങളും, എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൺസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ടീമംഗങ്ങളും ചേർന്നാണ് പ്രദേശത്ത് ദിവസങ്ങളോളമായി നീരക്ഷണം നടത്തിയത്. ഇതേ തുടർന്നു ചങ്ങനാശ്ശേരി ഐ.സി.ഒ ജംഗ്ഷനിലുള്ള ലോഡ്ജിൽ നടത്തിയ സംയുക്ത പരിശോധന നടത്തി. തുടർന്നാണ്, 4.4 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന സംഘത്തിലെ പ്രധാനിയാണ് എബിൻ ജോയി എന്ന് എക്‌സൈസ് സംഘം കണ്ടെത്തി. എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗമായ അസിസിനാണ് ലോഡ്ജിൽ കഞ്ചാവ് ഇടപാട് നടക്കുന്നതായി വിവരം ലഭിച്ചത്. തുടർന്നാണ് പരിശോധനയും കഞ്ചാവ് വേട്ടയും നടന്നത്. കഴിഞ്ഞ ദിവസം ഈ റെയിഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവുമായി എത്തിയ ഹീറോ ഹോണ്ട മാസ്റ്ററോ സ്‌കൂട്ടർ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്.

റെയ്ഡിൽ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. രാജേഷ്, ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ്, കമ്മിഷണർ സ്‌ക്വാഡ് പ്രവിന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കെ എൻ സുരേഷ്‌കുമാർ,എം. അസിസ്, നജ്മുദ്ദീൻ, ലിബിൻ.എൽ , ജിയെഷ് ടി,ഷിജു കെ, ചങ്ങനാശ്ശേരി എക്‌സൈസ് റെയിഞ്ച് പ്രവെന്റിവ് ഓഫീസർ മാരായ നിസാം, വി.എൻ പ്രദീപ് കുമാർ, എം നൗഷാദ് എക്‌സൈസ് ഡ്രൈവർ മനീഷ് എന്നിവർ നേതൃത്വം നൽകി.