അൻപതുപേരിൽ കൂടുതലുള്ള ഇടങ്ങളിൽ പ്രവേശനത്തിന് ആരോഗ്യ പാസ്; ഫ്രാൻസിൽ വ്യാപക പ്രതിഷേധം; ജനം തെരുവിൽ

പാരിസ് :
അൻപതുപേരിൽ കൂടുതൽ ഒത്തുചേരുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാൻ ആരോഗ്യ പാസ് നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഫ്രാൻസിൽ വ്യാപക പ്രതിഷേധം.

രണ്ടു ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, പതിനഞ്ചു ദിവസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയാൽ മാത്രമേ ആൾക്കൂട്ടമുള്ള പ്രദേശങ്ങളിൽ പ്രവേശനം അനുവദിക്കൂ എന്നാണ് സർക്കാർ തീരുമാനം.

സിനിമാ തീയറ്ററുകൾ, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെ പ്രവേശനത്തിന് ജൂലായ് 21 മുതൽ ഫ്രാൻസിൽ ആരോഗ്യ പാസ് നിർബന്ധമാണ്.
ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് സർക്കാർ കടന്നുകയറുകയാണെന്ന് ആരോപിച്ച് ജനങ്ങൾ കഴിഞ്ഞ നാല് വാരാന്ത്യങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.