ഫോർമുല വൺ റേസിങ്‌ ; അടുത്ത സീസണിൽ മേഴ്‌സിഡസിൽ ഹാമിൽട്ടനൊപ്പം ജോർജ്‌ റസൽ വളയം പിടിക്കും

ലണ്ടൻ :
ഫോർമുല വൺ റേസിങിൽ അടുത്ത സീസൺ മുതൽ ഹാമിൽട്ടനൊപ്പം ജോർജ്‌ റസൽ മേഴ്‌സിഡസിന്റെ വളയം പിടിക്കും. ഫിൻലൻഡ്‌ ഡ്രൈവർ വൾട്ടേരി ബോട്ടാസ്‌  ആൽഫാ റോമിയോയിലേക്ക്‌ ചേക്കേറിയതിന്‌ പിന്നാലെയാണ്‌ 23 കാരനെ ഡ്രൈവിങ് സീറ്റിലെത്തിച്ചതായി മേഴ്‌സിഡസ്‌ പ്രഖ്യാപിച്ചത്‌.ഫോര്‍മുല വണ്ണില്‍ 2019-ൽ വില്ല്യംസന്റെ ഡ്രൈവറായാണ്‌ റസൽ അരങ്ങേറ്റം കുറിക്കുന്നത്‌. ഈ സീസണിൽ ബെൽജിയം ഗ്രാൻഡ്‌ പ്രിക്‌സിൽ രണ്ടാം സ്ഥാനക്കാരനായി പോഡിയത്തിൽ എത്തിയതാണ്‌ കരിയറിലെ ഉയർന്ന നേട്ടം. കഴിഞ്ഞ സീസണിൽ സിൽവർ ആരോസ്‌ സംഘത്തിലെ ലീഡ്‌ ഡ്രൈവറും നിലവിലെ  ലോകചാമ്പ്യനുമായ ലൂയിസ്‌ ഹാമിൽട്ടന്‌ കോവിഡ്‌ ബാധിച്ചപ്പോൾ പകരക്കാരനായി റസൽ മേഴ്‌സിഡസിന്റെ കോക്ക്‌പിറ്റിൽ എത്തിയിരുന്നു.