നാട്ടിലെയും മറുനാട്ടിലെയും നന്മയുള്ള രുചികളെയറിയാം: കോട്ടയം ഫുഡ്‌ഫെസ്റ്റ് ആഗസ്റ്റ് നാലു മുതൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം റൗണ്ട് ടേബിൾ ഫുഡ് ഫെസ്റ്റ് ഇന്നു മുതൽ എട്ടു വരെ. കോവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇക്കുറി ഓൺലൈനിലാണ് ഫുഡ് ഫെസ്റ്റ് നടത്തുക. കോട്ടയം റൗണ്ട് ടേബിളും ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയും ചേർന്നാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. കോട്ടയത്തെ 22 പ്രമുഖ ഹോട്ടലുകൾക്കു പുറമേ രാജ്യാന്തര തലത്തിൽ പ്രശസ്തി നേടിയ നാലു ഹോട്ടലുകളും ഇത്തവണ ഫുഡ് ഫെസ്റ്റിൽ പങ്കെടുക്കും. ബെഹ്‌റൂസ് ബിരിയാണി, ബിരിയാണി ലൈഫ്, ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി, പ്രമുഖ പിസാ ബ്രാൻഡായ ഓവൻ സ്റ്റോറി എന്നിവയും ഫുഡ് ഫെസ്റ്റിലുണ്ട്. കോട്ടയത്തെ 22 ഹോട്ടലുകളും തങ്ങളുടെ പേരെടുത്ത ഭക്ഷണ ഇനങ്ങൾക്കു പുറമേ ‘ ഫുഡ് ഫെസ്റ്റ് സ്‌പെഷൽ ഭക്ഷണ’ങ്ങളുമായാണ് പങ്കെടുക്കുന്നത്. ബിരിയാണി, ബർഗറുകൾ, പിസ, ബാർബിക്യൂ, ഐസ് ക്രീം, പേസ്റ്റ്രീസ്, മിൽക്ക് ഷേക്ക്‌സ്, ചൈനീസ് ഭക്ഷണങ്ങൾ, കടൽ വിഭവങ്ങൾ എന്നിവയിലെ പുതുവിഭവങ്ങളും ഫുഡ്‌ഫെസ്റ്റിൽ രുചിക്കാം.
കോട്ടയം റൗണ്ട് ടേബിളിന്റെ 30ാം ഫുഡ്‌ഫെസ്റ്റാണ്. മുൻവർഷങ്ങളിൽ നാഗമ്പടത്തെ കൂറ്റൻ ഭക്ഷണ സ്റ്റാളിലാണ് ഫുഡ് ഫെസ്റ്റ് നടത്താറുള്ളത്. കോവിഡ് മൂലം ഇക്കുറി നാഗമ്പടത്തെ ഫുഡ് സ്റ്റാൾ ഉണ്ടാകില്ലെന്നു ഫുഡ് ഫെസ്റ്റ് കൺവീനർ മാത്യു ടി. ലൂക്ക് പറഞ്ഞു. ‘ഓൺലൈനിൽ സ്വിഗ്ഗിയുടെ (ംെശഴഴ്യ) മൊബൈൽ അപ്ലിക്കേഷൻ വഴി ഭക്ഷണം ഓർഡർ ചെയ്യാം. സ്വിഗ്ഗി വഴി ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകും. സ്വിഗ്ഗി ആപ്പിൽ കോട്ടയം ഫുഡ് ഫെസ്റ്റ് പ്രത്യേക പേജുണ്ടാകും. ഇതിലാണ് ബുക്ക് ചെയ്യേണ്ടത്, ‘ മാത്യു ടി. ലൂക്ക് പറഞ്ഞു. നാളെ മുതൽ രാവിലെ 11 മുതൽ രാത്രി 9.30 വരെ ഓൺലൈനിൽ ഭക്ഷണം ലഭിക്കും. കോവിഡ് മൂലം ശനിയാഴ്ചയും ഞായറാഴ്ചയും വൈകിട്ട് 7 വരെ ഭക്ഷണ വിതരണം പരിമിതപ്പെടുത്തി.
കോട്ടയം റൗണ്ട് ടേബിൾ (കെആർടിആർടി 121) ഫുഡ് ഫെസ്റ്റിൽ നിന്നു ലഭിക്കുന്ന ലാഭം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്‌കൂളിന്റെ പ്രവർത്തനത്തിനാണ് ചിലവഴിക്കുന്നത്. കോട്ടയം റബർ ടൗൺ റൗണ്ട് ടേബിളിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് സ്‌കൂൾ നടത്തുന്നത്.
വിവരങ്ങൾക്ക് ( 95395 84444, 94476 12060 )