അമ്പും വില്ലും ഉപയോ​ഗിച്ച് ആക്രമണം; നോർവേയിൽ 5 പേർ കൊല്ലപ്പെട്ടു

കോങ്‌സ്‌ബെർഗ്:
നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കോങ്‌സ്‌ബെർഗ് നഗരത്തിലാണ് സംഭവം. സംഭവത്തിൽ 37കാരനായ ഡെൻമാർക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആൾക്കൂട്ടത്തിന് നേരെ കൈയിൽ കരുതിയിരുന്ന അമ്പുകൾ ഇയാൾ ഉപയോഗിക്കുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടതായും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോൾ തന്നെ നഗരത്തിൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് പോലീസ് നിർദേശിച്ചു. സാധാരണഗതിയിൽ ഇത്തരം ആക്രമണങ്ങളുണ്ടാകാത്ത രാജ്യമായതിനാൽ നോർവേയിൽ പോലീസ് ആയുധങ്ങൾ കൈയിൽ കരുതാറില്ല. എന്നാൽ സംഭവത്തിന് ശേഷം രാജ്യത്ത് എല്ലാ പോലീസുകാർക്കും ആയുധങ്ങൾ കൈയിൽ കരുതാനുള്ള നിർദേശം നൽകി.