വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് എതിരാളികളെ അപകീർത്തിപ്പെടുത്താൻ ചൈനീസ് തന്ത്രം: ഫെയ്‌സ്ബുക്കിലെ വ്യാജ പ്രൊഫൈലുകളിലൂടെ എതിരാളികളെ തകർക്കാൻ ശ്രമമെന്ന് പുതിയ പഠനം

വാഷിങ്ടൺ:
350ലധികം വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ ശൃംഖല സൃഷ്ടിച്ച് വ്യാജ വാർത്തകൾ പങ്കു വയ്ക്കാൻ ചൈനീസ് അധികൃതരുടെ നീക്കമെന്ന് പഠനം. ചൈനയെ എതിർക്കുന്ന രാഷ്ട്രങ്ങളെയും, ഇവരുടെ തലവന്മാരെയും പറ്റി വ്യാജ വിവരങ്ങൾ പങ്കു വയ്ക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഇതു സംബന്ധിച്ചുള്ള പുതിയ പഠനം, സെന്റർ ഫോർ ഇൻഫർമേഷൻ റെസിലിയൻസ് (സിഐആർ) റിപ്പോർട്ടാണ് സൂചിപ്പിക്കുന്നത്. വ്യാജ പ്രൊഫൈലുകളുടെ ശൃംഖല വഴി ചെനീസ് മുതലാളി ഗുവോ വെൻഗുയിയെപ്പറ്റിയുള്ള വ്യാജ വിവരങ്ങൾ നിറഞ്ഞ കാർട്ടൂണുകൾ പങ്കു വയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ‘വിസിൽബ്ലോവർ’ ശാസ്ത്രജ്ഞൻ ലി-മെങ് യാങ്, ഡൊണാൾഡ് ട്രംപിന്റെ മുൻ രാഷ്ട്രീയ തന്ത്രജ്ഞൻ സ്റ്റീവ് ബാനൺ എന്നിവരും കാർട്ടൂണുകളിൽ അവതരിപ്പിച്ച മറ്റ് വിവാദ വ്യക്തികളിൽ ഉൾപ്പെടുന്നു.