ഫൈസർ വാക്സിൻ ; ന്യുസിലാന്‍ഡില്‍ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

വെല്ലിംഗ്ടണ്‍:
കോവിഡ് 19 പ്രതിരോധനത്തിന് ഫൈസര്‍ വാക്‌സിന്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ മൂലം ന്യുസിലാന്‍ഡില്‍ ഒരാള്‍ മരണമടഞ്ഞു.ന്യുസിലാന്‍ഡ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഒരു സ്ത്രീയാണ് മരിച്ചതെന്ന് വാക്‌സിന്‍ സേഫ്ടി മോണിറ്ററിംഗ് ബോര്‍ഡ് വ്യക്തമാക്കുന്നുണ്ടെങ്കിലും അവരുടെ പേര്, പ്രായം തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Myocarditis എന്ന അവസ്ഥയെ തുടര്‍ന്നാണ് മരണമെന്ന് ബോര്‍ഡ് പറയുന്നു. ഫൈസര്‍ കോവിഡ് വാക്‌സിന്‍ ഉപയോഗത്തെ തുടര്‍ന്ന് അപൂര്‍വ്വമായി സംഭവിക്കുന്ന പാര്‍ശ്വഫലമാണിത്. ഹൃദയപേശികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും അതിനെ തുടര്‍ന്ന് രക്തം പമ്പ് ചെയ്യുന്നതില്‍ കുറവ് സംഭവിക്കുകയും ചെയ്യും. ഹൃദയമിടിപ്പിന്റെ താളം വരെ തെറ്റിക്കുന്നതാണ് ഈ അവസ്ഥ.

നിലവില്‍ ഫൈസര്‍, ബയോണ്‍ടെക്, ജാന്‍സ്സെന്‍, ആസ്ട്രസിനികെ വാക്‌സിനുകള്‍ക്കാണ് ന്യുസിലന്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ആറ് മാസത്തിനു ശേഷം ഈ മാസമാണ് ആദ്യമായി ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്നത്. ശഡല്‍റ്റ വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച 53 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 562 ആയി ഉയര്‍ന്നു. കോവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.