എറണാകുളത്ത് കോവിഡ് വാക്‌സിനേഷന്‍ ഇനി രാത്രിയിലും

കൊച്ചി:
എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ഊര്‍ജ്ജിത കോവിഡ് വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം കൊണ്ട് ജില്ലയിലെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒരുഡോസ് വാക്‌സിനെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെയും സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 780/- രൂപ നിരക്കില്‍ ആര്‍ക്കും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്‌സിന്‍ സ്വീകരിക്കാം.
രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ സമയമായവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഐ.എം.എ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.എം.ഐ. ജുനൈദ് റഹ്‌മാന്‍, ഐ.എം.എ കൊച്ചി ശാഖ പ്രസിഡന്റ് ഡോ.ടി.വി.രവി, സെക്രട്ടറി ഡോ.അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ അറിയിച്ചു.