അമേരിക്കയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു; പടരുന്നത് ഡെൽറ്റാ വൈറസ്; വീടിനുള്ളിലും മാസ്ക്ക് നിർബന്ധമാക്കി

വാഷിംഗ്ടൺ: ചൈനയിലേതു പോലെ തന്നെ അമേരിക്കയിലും കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് ഉണ്ടാകുന്നില്ലെന്ന് റിപ്പോർട്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാ വൈറസാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്.

കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ പ്രകാരം 72790 കേസുകളാണ് ഓരോ ദിവസവും പുതുതായി റിപ്പോർട്ട് ചെയ്യന്നത്. ഇതിൽ 95 ശതമാനം രോഗികൾക്കും കോവിഡിന്റെ ഡെൽറ്റാ വൈറസ് ആണ് പിടിപെട്ടിട്ടുള്ളത്. കഴിഞ്ഞ ജൂണിലാണ് ഇതിനു മുമ്പ് അമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ആശുപത്രികളിൽ പ്രവേശിച്ചിരുന്നത്.

രാജ്യത്തെ സാഹചര്യം ​ഗുരുതരമാകുന്നതിനാൽ വീടുകൾക്കുള്ളിലടക്കം മാസ്ക്കുകൾ നിർബന്ധമാക്കി അധികൃതർ ഉത്തരവിറക്കി. സാക്രമെന്റോ, യോളോ, ലോസ് ഏഞ്ചൽസ്, ലുസിയാന എന്നിവിടങ്ങളിലും മാസ്ക്കുകൾ കർശനമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും യഥാക്രമം 68,326ഉം 63,250ഉം കോവിഡ് കേസുകളാണ് അമേരിക്കയിൽ രേഖപ്പെടുത്തപ്പെട്ടത്. രാജ്യത്ത് ഇതുവരെ 70 ശതമാനം മുതിർന്ന പൗരന്മാർക്കും വാക്സിനേഷൻ നൽകി കഴിഞ്ഞു.