സൗദി അരാംകോയുടെ ഡാറ്റ ചോർന്നു; 50 മില്യൺ ഡോളർ തട്ടാൻ ശ്രമം

സൗദി:
എണ്ണ ഉൽ‌പാദക കമ്പനിയായ സൗദി അരാംകോയുടെ ഡാറ്റ ചോർന്നു. കരാറുകാരിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. കമ്പനിയിൽ നിന്ന് 50 മില്യൺ ഡോളർ തട്ടിയെടുക്കാൻ ഈ ഫയലുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു.

മൂന്നാം കക്ഷി കരാറുകാരുടെ കൈവശമുള്ള കമ്പനിയുടെ ഡാറ്റ ചോർന്നതായി അരാംകോ അറിയിച്ചു. എന്നാൽ, ഏത് കരാറുകാരൻ മുഖേനയാണ് ചോർന്നതെന്നോ, കരാറുകാരനെ ഹാക്ക് ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ ഫയലുകൾ മറ്റേതെങ്കിലും രീതിയിൽ ചോർന്നതാണോ എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിട്ടില്ല.

“ഡാറ്റ ചോർന്നത് ഞങ്ങളുടെ സിസ്റ്റങ്ങളെ ആക്രമിച്ചു കൊണ്ടല്ല, ഞങ്ങളുടെ പ്രവർത്തനങ്ങളെ ഇത് യാതൊരു തരത്തിലും സ്വാധീനിച്ചിട്ടില്ല. കമ്പനി ശക്തമായ സൈബർ സുരക്ഷ നിലനിർത്തുന്നുണ്ട്” – കമ്പനി അറിയിച്ചു.

ഇത്തരത്തിലുള്ള ആക്രമണത്തിന് അരാംകോ ഇരയാകുന്നത് ഇതാദ്യമല്ല. 2012 ൽ കമ്പനിയുടെ കമ്പ്യൂട്ടർ ശൃംഖലയെ ഷാമൂൺ വൈറസ് ബാധിച്ചിരുന്നു.