ക്യൂബയിൽ കുട്ടികൾക്കും വാക്സിൻ നൽകുന്നു: വാക്സിൻ വിതരണം ചെയ്യുന്നത് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി

ഹവാന :
രണ്ട് വര്‍ഷത്തോളം അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ആലോചനയില്‍ ക്യൂബന്‍ ഭരണകൂടം. ഇതിനായി കുട്ടികള്‍ക്ക് വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. പന്ത്രണ്ട് മുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കി തുടങ്ങിയത്. ഇതിനായുള്ള ദേശീയ തലത്തിലുള്ള പ്രചാരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ക്യൂബ ആഭ്യന്തരമായി നിര്‍മ്മിച്ച രണ്ട് വാക്സിനുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. അബ്ദാലയും സൊബേരാനയുമാണ് അവ. വാക്സിന്‍ എടുക്കുന്നതിന് മുന്‍പായി കുട്ടികളുടെ ശരീര ഊഷ്മാവും, രക്തസമ്മര്‍ദ്ദവും പരിശോധിക്കും. വാക്സിന്‍ എടുത്തതിന് ശേഷം ഒരു മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമേ കുട്ടികളെ വിട്ടയക്കുകയുള്ളു. ഒരു പാര്‍ശ്വഫലവും ഇല്ലെന്ന് ഉറപ്പുവരുത്താനാണിത്.
പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളില്‍ അടുത്ത ഘട്ടത്തില്‍ വാക്സിന്‍ കുത്തിവയ്ക്കാനാണ് തീരുമാനം.2020 മാര്‍ച്ച്‌ മുതല്‍ ക്യൂബയില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഓണ്‍ലൈനിലൂടെയും ടെലിവിഷനിലൂടെയുമാണ് ഇപ്പോള്‍ ക്ലാസുകള്‍ എടുക്കുന്നത്. ഒക്ടോബര്‍ മാസത്തോടെ സ്‌കൂളുകള്‍ തുറക്കുവാനാണ് ഭരണകൂടം ഇപ്പോള്‍ തയ്യാറെടുക്കുന്നത്. കൊവിഡ് ഡെല്‍റ്റാ വകഭേദമാണ് ക്യൂബയ്ക്ക് ഭീഷണിയായി തീര്‍ന്നത്.