പ്രണയത്തിന്റെ പേരിൽ വീണ്ടും കൊല ; പൂനെയിൽ എട്ടാം ക്ലാസുകാരിയെ കുത്തിക്കൊന്നു

പൂനെ:
പ്രണയത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. പൂനെയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തി.
പൂനെയിലെ ബിബ്വേവാദി ഏരിയയില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ക്ഷിതിജ (14) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് വീട്ടില്‍ നിന്നും കബഡി ക്ലാസിന് പോയ പെണ്‍കുട്ടിയെ യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തുകയായിരുന്നു.
പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ ബന്ധുവാണ് ആക്രമിച്ചത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ,

ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പുറപ്പെട്ട പെണ്‍കുട്ടിയെ 5.45 ഓടെ ബൈക്കിലെത്തിയ ഋഷികേഷ് എന്ന ശുഭം ഭഗവത്(22) ബൈക്കില്‍ എത്തി തടഞ്ഞു നിര്‍ത്തി. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ ശുഭം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.
കൊലപാതക സമയത്ത് ക്ഷിതിജയ്ക്കൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോകാന്‍ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.