മോൻസന്റെ തട്ടിപ്പുകളും, ഉന്നതബന്ധങ്ങളും; അനിത പുല്ലയിലിനെ വിളിപ്പിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്

കൊച്ചി:
പുരാവസ്തു തട്ടിപ്പ് കേസിൽ വിശദമായ ചോ​ദ്യം ചെയ്യലിനായി വിദേശത്തുള്ള അനിത പുല്ലയിലിനെ വിളിപ്പിച്ച് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കും. നാട്ടിലെത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി. മോൻസൺ നടത്തിയ തട്ടിപ്പുകളും ഇയാളുടെ ഉന്നത ബന്ധങ്ങളും സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അനിതയ്ക്ക് അറിയാമെന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇത് എന്നത്തേക്ക് ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല.

മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പല ഉന്നതരേയും മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ മോൻസൺ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചത് അനിതയായിരുന്നു. തട്ടിപ്പ് കേസിൽ പരാതിക്കാരെ അനിത സഹായിച്ചിരുന്നു.

അനിത പുല്ലയിൽ കൊച്ചിയിലെത്തുമ്പോഴെല്ലാം മോൻസണുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി മോൻസണെ അനിതയ്ക്ക് അടുത്തറിയാം. ഇയാളുടെ തട്ടിപ്പുകളും അവർക്ക് അറിയാം. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഓൺലൈനായി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.