ബൈക്കിൽ കയറണമെന്ന ആവശ്യം നിരസിച്ചു; ആന്ധ്രാപ്രദേശിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു.

ഹൈദരാബാദ് :
ആന്ധ്രാപ്രദേശില്‍ പട്ടാപ്പകല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു.ഗുണ്ടൂര്‍ നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം.റോഡിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിനിയോട് ബൈക്കിലെത്തിയ യുവാവ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു.ആവശ്യം നിരസിച്ചതിനെ ചൊല്ലി വിദ്യാര്‍ഥിനിയും യുവാവും തമ്മില്‍ വാക്കുതര്‍ക്കമായി.പിന്നാലെ കത്തിയെടുത്ത് തുടര്‍ച്ചയായി കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വിദ്യാര്‍ഥിനിയെ ആക്രമിച്ച അജ്ഞാതനായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു.പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ പ്രതിയെ സംബന്ധിച്ച്‌ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. നാട്ടുകാര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതിയെ കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചതായും ഉടന്‍ തന്നെ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും ആഭ്യന്തര മന്ത്രി പറഞ്ഞു.