യുവാക്കളിൽ ലക്ഷണരഹിത കൊവിഡ് ; ആശങ്കയിലായി ആരോഗ്യ രംഗം

തിരുവനന്തപുരം :
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് മൂലം ആശങ്കയിലായി ആരോഗ്യ രംഗം.ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ കോവിഡ്‌ രോഗികൾ ഉണ്ടാകുന്നത് മൂലം കൂടുതൽ രോഗ വ്യാപന ഭീഷണി നിലനിൽക്കുകയാണ്.ലക്ഷണങ്ങൾ കാണിക്കാതെ പരിശോധന നടത്തുമ്പോൾ മാത്രമാണ് കൊവിഡ് ബാധിതരാണെന്ന് തിരിച്ചറിയുന്നത്.

യുവാക്കളിലാണ് ഇത്തരം ലക്ഷണരഹിത കൊവിഡ് കൂടുതലായി കാണുന്നതെന്ന് ആരോഗ്യവിഭാഗം പറയുന്നു. ജോലിക്കും പഠനാവശ്യങ്ങള്‍ക്കുമായി കൂടുതല്‍ ആളുകളുമായി ഇടപഴകുന്ന വിഭാഗവും ചെറുപ്പക്കാരായതിനാൽ വാക്സിന്‍ പൂര്‍ണമായി സ്വീകരിച്ചാലും കൊവിഡ് പ്രതിരോധ നടപടികളില്‍ വ്യക്തികള്‍ വിട്ടുവീഴ്ച നടത്തരുതെന്നും ആരോഗ്യവിഭാഗം ഓര്‍മ്മിപ്പിക്കുന്നു.

ഭൂരിഭാഗം യുവാക്കളിലും കൊവിഡ് വലിയ ബുദ്ധിമുട്ടുകളില്ലാതെ കടന്നുപോയേക്കാമെങ്കിലും ഇവരില്‍ നിന്ന് രോഗാണു ലഭിക്കുന്ന പ്രായമാവരുടെയോ, കുട്ടികളുടെയോ സ്ഥിതി വ്യത്യസ്തമാണ്. മൂന്നാം തരംഗം കുട്ടികളില്‍ പിടിമുറുക്കാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കേ, മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാളും കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ അവലംബിക്കേണ്ടതാണെന്നും വിദഗ്ധർ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. പുറത്തുപോയി വരുന്നവര്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ച ശേഷം വീട്ടിനുള്ളില്‍ പ്രവേശിക്കുക

2. പ്രായമായവരോടും കുട്ടികളോടും സാമൂഹിക അകലം പാലിക്കുക

3. ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക