വാക്സിന്‍ എടുക്കാത്തവർക്കും രാജ്യത്ത് പ്രവേശനം അനുവദിച്ച് കുവൈത്ത് ; തീരുമാനം കൊവിഡ് വ്യാപന നിരക്ക് കുറയുകയും രോഗമുക്തി നിരക്ക് 97.8 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ

കുവൈത്ത് സിറ്റി:
വാക്സിന്‍ എടുക്കാത്ത പ്രവാസികള്‍ക്കും രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത്. കൊവിഡ് വ്യാപന നിരക്ക് കുറയുകയും രോഗമുക്തി നിരക്ക് 97.8 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.ഇതുപ്രകാരം ഇന്ത്യ, ഈജിപ്റ്റ്, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഉള്‍പ്പെടെ വാക്സിന്‍ എടുത്തതും അല്ലാത്തതുമായ എല്ലാ യാത്രക്കാര്‍ക്കും നിബന്ധനകളോടെ രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കും.ഇവര്‍ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

അതേ സമയം ഫൈസര്‍, ഓക്സ്‌ഫോര്‍ഡ് അസ്ട്രസെനെക, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകള്‍, അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് രാജ്യത്ത് വാക്സിനേറ്റ് ചെയ്യപ്പെട്ടവരായി കണക്കാക്കുക. കുവൈറ്റ് അംഗീകാരം നല്‍കിയിട്ടില്ലാത്ത വാക്സിനുകളായ സിനോഫാം, സിനോവാക്, സ്പുട്നിക് വി എന്നിവ സ്വീകരിച്ചിട്ടുള്ളവര്‍ കുവൈറ്റില്‍ അംഗീകാരമുള്ള ഏതെങ്കിലും ഒരു വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.

കുവൈറ്റില്‍ നിന്ന് വാക്സിന്‍ എടുത്തവരാണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പിലോ ആണ് ഇതിനുള്ള തെളിവ് കാണിക്കേണ്ടത്. കുവൈറ്റിന് പുറത്തു വച്ച്‌ വാക്സിന്‍ എടുത്തവരാണെങ്കില്‍ അവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.