കോവിഡ്‌ വ്യാപനം ; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ഇന്ന് ; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

തിരുവനന്തപുരം :
സംസ്ഥാനത്തെ കോവിഡ്‌ സ്ഥിതി ഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരും.
പ്രതിദിന രോഗനിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൊറോണ നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന് ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ അറിയാം.ടിപിആര്‍ നിരക്ക് 15 മുകളില്‍ എത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാദ്ധ്യത.സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് കൃത്യമായി പാലിക്കപ്പെട്ടില്ല. പലയിടത്തും ആള്‍ക്കൂട്ടമുണ്ടായതായും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍. സംസ്ഥാനത്തെ രോഗികളുടെ എണ്ണം കൂടുന്നതോടെ ആശുപത്രികളില്‍ കിടക്കകളും ഐസിയുകളും അതിവേഗം നിറയുന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ ഇന്നു ചേരുന്ന യോഗത്തില്‍ ചര്‍ച്ചയായേക്കും.