കോവിഡ്‌ വ്യാപനം ; തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:
സംസ്ഥാനത്തെ കൊറോണ പ്രതിരോധ സാഹചര്യം വിലയിരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.വൈകിട്ട് നാലിനാണ് യോഗം. സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ഒരു കുറവുമില്ലാതെ ഉയര്‍ന്നു തന്നെ തുടരുകയാണ്. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി നാല്‍പതിനായിരം കടന്നു. മരണ സംഖ്യ 21,000 ആയി. 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണവുമുണ്ട്. എന്നിട്ടും രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്.

യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എം വി ഗോവിന്ദന്‍, റവന്യു മന്ത്രി കെ രാജന്‍ എന്നിവരും പങ്കെടുക്കും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങളാകും യോഗം ചര്‍ച്ച ചെയ്യുക.